ശ്രീ ബുദ്ധന്റെ മനോഹരമായ ഒരു കഥയുണ്ട്.
ഉഷ്ണമേറിയ ഒരു വേനല്‍ക്കാലം. ബുദ്ധനും അനുയായികളും ഒരു വനത്തിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിനു വല്ലാത്ത ദാഹം തോന്നി. പ്രിയ ശിഷ്യനായ ആനന്ദനെ അരികില്‍ വിളിച്ചു പറഞ്ഞു- "ആനന്ദാ... എനിക്കു നല്ല ദാഹമുണ്ട്. ഏതാനും നാഴിക പിന്നില്‍ നാം ഒരു തടാകം കണ്ടതോര്‍ക്കുന്നില്ലേ..? നീ അവിടം വരെ തിരികെ ചെല്ലുക, ഈ കമണ്ഡലുവില്‍ ജലമെടുത്തു വരിക."
ഉഷ്ണമേറിയ ഒരു വേനല്‍ക്കാലം. ബുദ്ധനും അനുയായികളും ഒരു വനത്തിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിനു വല്ലാത്ത ദാഹം തോന്നി. പ്രിയ ശിഷ്യനായ ആനന്ദനെ അരികില്‍ വിളിച്ചു പറഞ്ഞു- "ആനന്ദാ... എനിക്കു നല്ല ദാഹമുണ്ട്. ഏതാനും നാഴിക പിന്നില്‍ നാം ഒരു തടാകം കണ്ടതോര്‍ക്കുന്നില്ലേ..? നീ അവിടം വരെ തിരികെ ചെല്ലുക, ഈ കമണ്ഡലുവില്‍ ജലമെടുത്തു വരിക."
ആനന്ദന്‍ പുറപ്പെട്ടു, തടാകത്തിനരികിലെത്തി. നേരത്തെ കണ്ട സ്വച്ഛമായ തടാകമായിരുന്നില്ല അത്. ആ കാട്ടുപാതയിലൂടെ തൊട്ടുമുമ്പ് കടന്നുപോയ വ്യാപാരസംഘത്തിന്റെ കാളവണ്ടികള്‍ ആ തടാകത്തെയാകെ കലക്കിക്കളഞ്ഞിരുന്നു. പറന്നുയര്‍ന്ന കരിയിലകള്‍ തടാകത്തിലെ ഇനിയും നിലയ്ക്കാത്ത ഓളങ്ങള്‍ക്കുമേല്‍ ഒഴുകിനടന്നു. അയാള്‍ ആകെ വിഷണ്ണനായി. ഈ വെള്ളമെങ്ങനെ കുടിക്കും?! ആനന്ദന്‍ തിരികെ നടന്നു, തന്റെ ഗുരുവിന്റെ അടുക്കലേക്ക്.
"ഗുരോ, അങ്ങ് കുറേക്കൂടി കാത്തിരിക്കേണ്ടിവരും. ആ തടാകമാകെ കലങ്ങിപ്പോയിരിക്കുന്നു. ചില നാഴികകള്‍ മുന്നോട്ടു പോയാല്‍ അവിടെയൊരു അരുവിയുണ്ടെന്നു കേട്ടിട്ടുണ്ട്. അങ്ങേക്കു ഞാനവിടെ നിന്നു ജലം കൊണ്ടുവരാം" ബുദ്ധന്‍ വാശിയോടെ പ്രതിവചിച്ചു- "നീ തിരികെ പോവുക. ആ തടാകത്തില്‍ നിന്നുള്ള ജലം തന്നെ വേണം എനിക്കു ദാഹമകറ്റാന്‍."
ആനന്ദന് അരിശം വരാതിരുന്നില്ല. അയാള്‍ക്കറിയാം ആ തടാകത്തിലെ ജലം കലങ്ങിയതും ഉപയോഗശൂന്യവുമാണ്. ഗുരു എന്തിനാണിങ്ങനെ വാശി പിടിക്കുന്നത്? എങ്കിലും ഗുരുവചനമാണ്. ലംഘിക്കാന്‍ പാടില്ല. നീരസമുള്ളിലൊതുക്കി ആനന്ദന്‍ തിരികെ നടന്നു. പിന്നില്‍ ബുദ്ധന്റെ ശബ്ദം മുഴങ്ങി-" തടാകം കലങ്ങിയതാണെങ്കിലും തിരികെ വരേണ്ടതില്ല. ക്ഷമയോടെ തടാകക്കരയില്‍ കാത്തിരിക്കുക. തടാകത്തിലേക്കിറങ്ങരുത്.മൗനമായി നിരീക്ഷിക്കുക. ഏറെത്താമസിയാതെ ജലം തെളിയും. അപ്പോള്‍ ജലമെടുത്തുവരിക."
നടന്നുനടന്ന് ആനന്ദന്‍ വീണ്ടും തടാകക്കരയിലെത്തി. ഗുരു പറഞ്ഞതു ശരിയാണ്.ജലം ഏറെക്കുറെ തെളിഞ്ഞിരിക്കുന്നു.ഒഴുകി നടന്ന കരിയിലകള്‍ തീരത്തടിഞ്ഞുകഴിഞ്ഞു. ചെളി നിറം മാഞ്ഞിരിക്കുന്നു. എങ്കിലും ഇനിയും തെളിയാനുണ്ട്. ശാന്തനായി തടാകത്തിലേക്കുറ്റുനോക്കിക്കൊണ്ട് ആനന്ദന്‍ കരയിലിരുന്നു. ചില നിമിഷങ്ങള്‍ക്കു ശേഷം തെളുതെളെ തെളിഞ്ഞ ജലവും കമണ്ഡലുവില്‍ നിറച്ച് ആഹ്ലാദപൂര്‍വ്വം ആനന്ദന്‍ തിരികെ നടന്നു.ബുദ്ധന്‍ കാത്തിരിപ്പുണ്ടായിരുന്നു.
കമണ്ഡലു ഗുരുവിന്റെ കൈയില്‍ നല്‍കി ആനന്ദന്‍ നന്ദിപൂര്‍വ്വം ആ കാല്‍ക്കല്‍ പ്രണമിച്ചു.
"നീയെന്താണീ ചെയ്യുന്നത്? ജലം കൊണ്ടു തന്നതിനു ഞാനല്ലേ നിനക്കു നന്ദി പറയേണ്ടത്" ബുദ്ധന്‍ ചോദിച്ചു.ആനന്ദന്റെ കണ്ണുകള്‍ നിറഞ്ഞു. "ഞാന്‍ മനസ്സിലാക്കുന്നു" അയാളുടെ കണ്ഠമിടറി. " അങ്ങെന്നോടു തിരികെ പോകാന്‍ പറഞ്ഞപ്പോള്‍ എനിക്കു ദേഷ്യം വന്നിരുന്നു. ഞാനതു പുറമേ കാട്ടിയില്ലെന്നേയുള്ളു. തിരികെ പോകുന്നതു നിരര്‍ത്ഥകമാണെന്നു ഞാന്‍ കരുതി. എന്നാലിപ്പോള്‍.... ആ തടാകം പോലെയായിരുന്നു അപ്പോള്‍ എന്റെ മനസ്സും - ആകെ കലങ്ങിയിരുന്നു. തടാകക്കരയിലിരുന്ന് ഞാന്‍ ഈ സത്യം തിരിച്ചറിഞ്ഞു. തടാകത്തിലേക്കെടുത്തു ചാടിയാല്‍ അതു അതിനെ കൂടുതല്‍ കൂടുതല്‍ കലക്കുകയേ ഉള്ളൂ. അതുപോലെ മനസ്സ് കലുഷിതമായിരിക്കുമ്പോള്‍ അതിനുള്ളിലേക്ക് എടുത്തുചാടിയാല്‍ അത് പ്രശ്നം കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. ഒന്നു കരയ്ക്കു മാറിയിരുന്നു നിരീക്ഷിക്കുകയാണ് ഉചിതം. ഇനി എന്റെ മനസ്സ് സംഘര്‍ഷഭരിതമാകുമ്പോള്‍ കരയ്ക്കിരുന്ന് അതിലെ തിരകളും കരിയിലകളും ചെളിയും അഴുക്കുമെല്ലാം നോക്കി നിസംഗനായി ഞാനിരിക്കും. എല്ലാം തെളിയുന്ന നിമിഷം വന്നു ചേരുമെന്നുറപ്പാണ്."
ഏറെ മാനങ്ങളുള്ള ചിന്താസുരഭിലമായ ഒരു കഥയാണിത്. ഒന്നാലോചിച്ചാല്‍ നമ്മുടെയും പ്രകൃതം ഇതുതന്നെയല്ലേ?! ജീവിതത്തില്‍ ആശങ്കകളുണ്ടാവുമ്പോള്‍, പ്രതിസന്ധികള്‍ ഉടലെടുക്കുമ്പോള്‍ അവയ്ക്കുള്ളിലേക്കിറങ്ങിച്ചെന്ന് പേര്‍ത്തും പേര്‍ത്തും ചിന്തിച്ച് സ്വയം തകര്‍ക്കുന്നത് ഒരു ശീലമായിത്തന്നെ മാറുന്നില്ലേ? പലപ്പോഴും ചെറിയ പ്രശ്നങ്ങള്‍ പോലും മനസ്സില്‍ ഒരു ഒഴിയാ ബാധയായി പടരുന്നത്, അവ ഭാവിയില്‍ ഉണ്ടാക്കിയേക്കും എന്നു നാം കരുതുന്ന സ്വാധീനങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള വൃഥാ ചിന്തകളാണ്.അക്ഷരാര്‍ത്ഥത്തില്‍ 'കുളം കലക്കല്‍!'
ക്രിസ്തു പറഞ്ഞതും മറ്റൊന്നല്ല. ദൈവരാജ്യപ്രാപ്തിക്കായി 'മനസ്സുപുതുക്കി രൂപാന്തരപ്പെടുവിന്‍' എന്ന ആഹ്വാനത്തില്‍ അന്തര്യാമിയായി നിറയുന്നത് 'ആനന്ദ'നുണ്ടായ അതേ പരിവര്‍ത്തനം തന്നെയാണ്. മനസ്സിന് അഥവാ ചിന്തകള്‍ക്ക് ഒരു ഓവറോളിംഗ് (Overhauling) വേണമെന്നു സാരം. മനസ്സിനെ ഓവറോള്‍ ചെയ്യാന്‍ ആദ്യം വേണ്ടത് നേരത്തെ പറഞ്ഞതുപോലെ മാനസിക വ്യാപാരങ്ങളെ മാറിയിരുന്നു വീക്ഷിക്കുകയും യുക്തിപൂര്‍വ്വം അപഗ്രഥിക്കുകയും ചെയ്യുകയാണ്. അതിലൂടെ മാത്രമേ പ്രശ്നങ്ങളെ അവയുടെ വേരുകളോളം ചെന്ന് മനസ്സിലാക്കാനും പിഴുതെറിയാനും സാധിക്കൂ. മനസ്സിനെക്കുറിചും അതിന്റെ വ്യാപാരങ്ങളെക്കുറിച്ചും സ്വയം ബോധവാനാകുക എന്നതാണ് അടിസ്ഥാനപരമായ ആവശ്യം.
ചില നിമിഷങ്ങള്‍ എകാന്തമായിരുന്ന് മൗനമായി ധ്യാനിക്കുക. സ്വന്തം ഉള്ളിലേക്ക് ഉറ്റുനോക്കുക. ഒന്നിലും ഇടപെടേണ്ടതില്ല. മാറിയിരുന്ന്, മനസ്സിന്റെ ചാഞ്ചാട്ടങ്ങളെ കൗതുകപൂര്‍വ്വം കാണുക, യുക്തിപൂര്‍വ്വം അപഗ്രഥിക്കുക. കുഴക്കുന്ന ഓരോ ചിന്തയോടും ചോദിക്കുക- 'നിന്റെയീ ആശങ്കകള്‍ക്ക് വരുവാനുള്ളതിനെ മാറ്റിമറിക്കാനോ വന്നതിനെ തിരുത്താനോ കഴിയുമോ?' മിക്കപ്പോഴും 'ഇല്ല' എന്നതു തന്നെയായിരിക്കും ഉത്തരം. പിന്നെന്തിനീ ആശങ്ക?!അതെ, യുക്തിപൂര്‍വ്വം ചിന്തിക്കുക തന്നെയാണ് അഭികാമ്യം. മാറാലകളും അഴുക്കുകളും തിരിച്ചറിയുക.
ധ്യാനാത്മകമായ മനസ്സില്‍, ഈശ്വരനും നിങ്ങളും മാത്രമാകുന്ന പ്രാര്‍ഥനയുടെ മധുര നിമിഷങ്ങളില്‍, ആ പവിത്രമായ ജലം കൊണ്ട് മാലിന്യങ്ങളെല്ലാം കഴുകിക്കളയാനാകുമെന്നതില്‍ തെല്ലും സംശയം വേണ്ട. ആ സൂര്യതേജസ്സ് എപ്പോഴും ഉള്ളില്‍ നിറയട്ടെ, ഇരുള്‍ അകന്നു പോകട്ടെ.ഇനി, മാറുവാന്‍ നോക്കാം! ഒന്നു മാറിയിരുന്നു നോക്കാം!!
