10:22 pm

അഞ്ചു ചോദ്യങ്ങൾ (2)

നമ്മുടെയിടയിൽ ശ്രദ്ധേയരായ ചില മുതിർന്ന വ്യക്തികളോട് അഞ്ചു ചോദ്യങ്ങൾ ചോദിച്ചു. ജീവിതത്തെക്കുറിച്ചുള്ള അവരുടെ ദർശനമെന്ത് എന്നതായിരുന്നു ചോദ്യങ്ങളുടെ വിഷയം.

പ്രമുഖ സാംസ്കാരിക പ്രവർത്തകനും ഗ്രന്ധകാരനും വരിഷ്ഠനായ അദ്ധ്യാപകനുമായ ശ്രീ. എം. എൻ കാരശ്ശേരി ചോദ്യങ്ങളോട് പ്രതികരിക്കുന്നു...


1. ഈ ജീവിതം താങ്കളെ പഠിപ്പിച്ചത് എന്താണ്‌?
ജീവിതത്തില്‍ നിന്ന് കാര്യമായി ഒന്നും ആര്‍ക്കും പഠിക്കാന്‍ കഴിയുകയില്ല എന്ന പാഠം. ജീവിതം ഒന്നേ ഉള്ളു. ആവര്‍ത്തനം ഇല്ല. പാഠം പഠിക്കലും പരീക്ഷ എഴുതലും തോല്ക്കലും ഒക്കെ ഒന്നിച്ചാണ്.

2. മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ 'വിസ്മയം' എന്ന് താങ്കള്‍ കരുതുന്നത് എന്താണ്‌?
ആത്മാര്‍ത്ഥമായ സ്നേഹം തിരിച്ചറിയുന്നതില്‍ മിക്ക സമയത്തും വിശേഷ ബുദ്ധിയുള്ള മനുഷ്യര്‍ പരാജയ പ്പെടുന്നു , വിശേഷ ബുദ്ധി ഇല്ലാത്ത പൂച്ച , നായ, ആന, പശു മുതലായവ ഇതില്‍ പരാജയപ്പെടാറില്ല. ഇതാണ് ഞാന്‍ കണ്ട വിസ്മയം.

3. മനുഷ്യന്റെ നാളെയെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രത്യാശ എന്താണ്‌ ?
എന്തൊക്കെ വന്നാലും , എവിടെ ആയാലും, ഏതു കാലത്തായാലും ചില മനുഷ്യരുടെ ഉള്ളില്‍ നന്മ യുടെ ഒരു പൊരി കെടാതെ കിടപ്പുണ്ടാവും എന്ന വിശ്വാസം .

4. താങ്കളെ ഏറ്റവുമധികം സ്വാധീനിച്ച വരികള്‍ (ഉദ്ധരണി) ഏതാണ്?
"സത്യത്തിന്‌ സാക്ഷ്യം വഹിക്കുന്നവരായിരിപ്പിന്‍! അത് നിങ്ങളുടെ സ്വന്തക്കാര്‍ക്കോ മാതാപിതാക്കള്‍ക്കോ, നിങ്ങള്‍ക്ക് തന്നെയോ എതിരായിരുന്നാലും" - ഖുര്‍ആന്‍

5. ജീവിതവിജയത്തിന് ഏറ്റവും അവശ്യം വേണ്ടത് എന്ന് താങ്കൾ കരുതുന്നത് എന്തൊക്കെയാണ്?
അവനവനു വേണ്ടി അല്ലാതെ , അന്യനു വേണ്ടി ജീവിക്കാന്‍ കഴിയണം.അപ്പോഴെ ജീവിതം നന്നാവു...

9:39 am

അഞ്ചു ചോദ്യങ്ങൾ! - 1

നമ്മുടെയിടയിൽ ശ്രദ്ധേയരായ ചില മുതിർന്ന വ്യക്തികളോട് അഞ്ചു ചോദ്യങ്ങൾ ചോദിച്ചു. ജീവിതത്തെക്കുറിച്ചുള്ള അവരുടെ ദർശനമെന്ത് എന്നതായിരുന്നു ചൊദ്യങ്ങളുടെ വിഷയം.
നമ്മുടെ യുവ തലമുറയ്ക്കായി ഈ ചോദ്യങ്ങളും ഉത്തരങ്ങളും സമർപ്പിക്കുന്നു.
ആദ്യം, പ്രമുഖ ശാസ്ത്രസാഹിത്യ പരിസ്ഥിതിപ്രവർത്തകൻ പ്രൊഫ. ഡോ. ആർ വി ജി മേനോൻ.
 

1. ഈ ജീവിതം താങ്കളെ പഠിപ്പിച്ചത് എന്താണ്‌?
ജീവിതത്തിനു അര്‍ത്ഥവും ലക്ഷ്യവും നാം സ്വയം നിര്‍ണയിക്കെണ്ടിയിരിക്കുന്നു. അത് സ്വന്തം സുഖത്തിനും സന്തോഷത്തിനും അപ്പുറം "അവനവന്‍ ആത്മസുഖത്തിനു ആചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം" എന്ന മട്ടില്‍ ആകുമ്പോള്‍ ജീവിതം ധന്യമാകുന്നു.
2. മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ 'വിസ്മയം' എന്ന് താങ്കള്‍ കരുതുന്നത് എന്താണ്‌?
ഒരിക്കലും ഒടുങ്ങാത്ത പ്രതീക്ഷ.
3. മനുഷ്യന്റെ നാളെയെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രത്യാശ എന്താണ്‌ ?
"എല്ലാം നന്നാവും, നന്നാവാതിരിക്കില്ല."
4. താങ്കളെ ഏറ്റവുമധികം സ്വാധീനിച്ച വരികള്‍ (ഉദ്ധരണി) ഏതാണ്?
"More is given unto you, because more is expected of you" - ഞങ്ങള്‍ പ്രീ ഡിഗ്രി ക്ലാസ്സില്‍ പഠിച്ച ആല്ബര്ട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രത്തില്‍ അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ച ബൈബിള്‍ ഉദ്ധരണി ആയി ഇതു കൊടുത്തിരുന്നു.
5. ജീവിതവിജയത്തിന് ഏറ്റവും അവശ്യം വേണ്ടത് എന്ന് താങ്കൾ കരുതുന്നത് എന്തൊക്കെയാണ്?
ലക്ഷ്യബോധം, സ്ഥിരോത്സാഹം, നിര്‍മമത.