8:48 pm

കല്ലിലും കാണുന്ന ദൈവം !

“അവിടുത്തെ ആത്മാവിനെ ഒളിച്ച്‌ ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ട്‌ ഞാന്‍ എവിടേക്ക് ഓടും. ഞാന്‍ സ്വര്‍ഗത്തില്‍ കയറിയാല്‍ നീ അവിടെയുണ്ട്‌. പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെയുണ്ട്‌. ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ച്‌ സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍ അവിടെയും നിന്റെ കൈ എന്നെ നടത്തും. നിന്റെ വലം കൈ എന്നെ പിടിക്കും. ഇരുട്ട്‌ എന്നെ മൂടിക്കളയട്ടെ; വെളിച്ചം എനിക്കു ചുറ്റും രാത്രിയായിത്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍ ഇരുട്ടുപോലും നിനക്ക്‌ മറവായിരിക്കുകയില്ല.“ (സങ്കീര്‍ത്തനങ്ങള്‍ 139:7-11)

ദാവീദ്‌ ഈശ്വരന്റെ ഉണ്മയെ വര്‍ണ്ണിക്കുകയാണ്; ഏങ്ങും നിറയുന്ന പരമാത്മചൈതന്യമായി തിരിച്ചറിയുകയാണ് ! എല്ലാത്തിലും; സചേതനവും അചേതനവുമായ, ഗോചരവും അഗോചരവുമായ, സൂക്ഷ്മവും സ്ഥൂലവുമായ എല്ലാത്തിലും ഈശ്വരചൈതന്യം അനുഭവിക്കുക!? ആത്മസാക്ഷാത്ക്കാരത്തിന് ക്രിസ്തുവും കൃഷ്ണനുമുള്‍പ്പെടെയുള്ള ആചാര്യപരമ്പരകള്‍ ഒരേസ്വരത്തില്‍ പറയുന്നത്‌ ഇതുതന്നെയാണ് - ഈശാവാസ്യമിദം സര്‍വ്വം.

ഇന്നു കാണുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ഈ തിരിച്ചറിവ്‌. ഞാനാരാധിക്കുന്ന ഈശ്വരന്‍ എന്റെ സഹജീവിയിലുണ്ടെന്നറിയുമ്പോള്‍ അവനെ വെറുക്കാന്‍ എനിക്കാകുമോ? പുഴയില്‍ ഈശ്വരചൈതന്യമുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അതിനെ മലിനമാക്കുവാന്‍ തോന്നുമോ? ഒരുറുമ്പിനെയെങ്കിലും നോവിക്കുവാനാകുമോ? എങ്ങും ആ ദിവ്യചൈതന്യം കാണുവാന്‍ കണ്ണുണ്ടായാല്‍ മാത്രം മതി. അതാണ് മൂന്നാം തൃക്കണ്ണ് ! അതു തുറക്കുന്നതോടെ കണ്മുന്നിലുള്ള എല്ലാ കാലുഷ്യങ്ങളും ഭസ്മമാകും. ഈശ്വരന്റെ അതുല്യപ്രേമം മാത്രം എങ്ങും നിറയും.

എന്തിലും ഈശ്വരനെ കാണുകയെന്ന വലിയ ദര്‍ശനമാണ് ആരാധനാ വിഗ്രഹങ്ങളുടെയും അടിസ്ഥാനമെന്നു വേണം കരുതാന്‍. ഒരു കല്ലില്‍ പോലും ഈശ്വരനെ കാണാന്‍ കഴിയുകയെന്നത്‌ ചെറിയ കാഴ്ചയല്ല തന്നെ. അത് ഏറ്റവും മഹത്തായ ദര്‍ശനമാണ്. കല്ലില്‍ ഈശ്വരനെ കാണാനാകുന്നവന് ആ വിശ്വരൂപനെ പ്രപഞ്ചത്തിലെ ഓരോ അണുവിലും ദര്‍ശിക്കുവാന്‍ കഴിയും. എന്നാല്‍ നമ്മുടെ പ്രശ്നം ഏറെ വഷളാണ്. നമുക്ക്‌ ഒരു കല്ലില്‍, അല്ലെങ്കില്‍ ശിവകാശിയിലച്ചടിക്കുന്ന വര്‍ണ്ണം വാരിത്തൂകിയ ചിത്രങ്ങളില്‍ മാത്രമേ ഈശ്വരനെ കാണാനാകുന്നുള്ളു. രസകരമായ മറ്റൊന്ന്, കിടപ്പുമുറിയില്‍ ഇത്തരം ചിത്രങ്ങള്‍ വയ്ക്കാന്‍ നമുക്ക്‌ മടിയാണ്. അവിടെ നടക്കുന്നതൊക്കെ ഈശ്വരന്‍ കണ്ടാലോ എന്ന ഭയമാണ്. അത്രയൊക്കെയേ ഉള്ളു നമ്മുടെ കാഴ്ചയുടെ ചക്രവാളം.

സകല കര്‍മ്മവും ഈശ്വര പൂജയായി അനുഷ്ഠിക്കുവാന്‍ ഗീത ഉപദേശിക്കുന്നു.
"യത്‌ കരോഷി യദശ്‌നാസി യജ്ജുഹോഷി ദദാസിയത്‌
യത്തപസ്യസി കൗന്തേയ തത്‌ കുരുഷ്യാ മദര്‍പ്പണം"
-അല്ലയോ കൗന്തേയ, എന്തു ചെയ്യുന്നുവോ, എന്തു ഭക്ഷിക്കുന്നുവോ, എന്തു ദാനം ചെയ്യുന്നുവോ, എന്തു തപസ്സാണോ അനുഷ്ഠിക്കുന്നത്‌ അതെല്ലാം പരമാത്മാവായ എനിക്ക്‌ അര്‍പ്പണമാക്കൂ.

ഈ ഗീതാദര്‍ശനം ജീവിത ദര്‍ശനമാക്കുവാന്‍ ഏകമാര്‍ഗം നേരത്തെ പറഞ്ഞതു തന്നെയാണ്. ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വര ചൈതന്യം നിറയുന്നത്‌ അകക്കണ്ണു തുറന്ന് കണ്ടറിയുക. ഞാന്‍ ഈശ്വരന്റെ കയ്യിലെ ഒരുപകരണം മാത്രമാണെന്നും ചെയ്യുന്ന കര്‍മ്മമെല്ലാം ഈശ്വരാരാധനയാണെന്നും സ്വയം സത്യസന്ധമായി ഭാവന ചെയ്താല്‍ മാത്രം മതി ഒരു വല്ലാത്ത Relief അനുഭവവേദ്യമാകാന്‍. അങ്ങനെയാകുമ്പോള്‍ ദിനചര്യകള്‍ ഈശ്വരാരാധനയാകും, അന്നന്നത്തെ അന്നം ദേവപ്രസാദമായി സ്വീകരിക്കാനാകും, നമ്മുടെ ലക്ഷ്യങ്ങളെല്ലാം ഈശ്വരഹിതത്തിന് അനുരൂപമാകും എന്തിനേറെ ലൈംഗികത പോലും യജ്ഞതുല്യമായ അനുഭൂതിയായി മാറും .

അതെ, ആ മൂന്നാം കണ്ണു തുറക്കുക തന്നെയാണു വേണ്ടത്‌. അപ്പോള്‍ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ഈശ്വരന്റെ അനുപമസാന്നിധ്യം അനുഭവിക്കാനാകും. മനസ്സിന്റെ ചക്രവാളത്തില്‍ ആ ദിവ്യ ചൈതന്യത്തിന്റെ നാമരൂപ ഭേദങ്ങള്‍ എന്നെന്നേക്കുമായി അസ്തമിക്കും. കര്‍മ്മങ്ങളെല്ലാം ഭഗവദാരാധനയായി മാറും. ജീവിതം ഒരനവദ്യഗീതം പോലെ മനോഹരമായി മാറും.
ഇനി അതിനാകട്ടെ നമ്മുടെ പ്രാര്‍ത്ഥനകള്‍...

‘തന്നില്‍ നിന്നന്യമല്ലാതെ-
യെന്നു കാണുന്നു സര്‍വ്വവും
അന്നേതു മോഹമന്നേതു
ശോകമേകത്വ ദൃക്കിന്.. ‘ (ശ്രീ നാരായണ ഗുരു)



പ്രചോദനം: സ്വാമി സന്ദീപ് ചൈതന്യ

8 പ്രതികരണങ്ങള്‍:

വിപിന്‍ said...

"എന്തിലും ഈശ്വരനെ കാണുകയെന്ന വലിയ ദര്‍ശനമാണ് ആരാധനാ വിഗ്രഹങ്ങളുടെയും അടിസ്ഥാനമെന്നു വേണം കരുതാന്‍. ഒരു കല്ലില്‍ പോലും ഈശ്വരനെ കാണാന്‍ കഴിയുകയെന്നത്‌ ചെറിയ കാഴ്ചയല്ല തന്നെ. അത് ഏറ്റവും മഹത്തായ ദര്‍ശനമാണ്. കല്ലില്‍ ഈശ്വരനെ കാണാനാകുന്നവന് ആ വിശ്വരൂപനെ പ്രപഞ്ചത്തിലെ ഓരോ അണുവിലും ദര്‍ശിക്കുവാന്‍ കഴിയും."
-------------------------------
സുമനസ്സുകള്‍ക്ക് ചിന്താസുരഭിയിലേക്ക് സുസ്വാഗതം...!

Lathika subhash said...

നല്ല കുറിപ്പ്.
ഒരു കല്ല് പൂജനീയമായ വിഗ്രഹമാകാന്‍ ശില്പിയുടെ അനേകായിരം ചെറുതും വലുതുമായ അടികള്‍ ഏറ്റു വാങ്ങുന്നു. ഒരു സാധാരണ മനുഷ്യന്‍ മഹാത്മാവാകുന്നതും മറ്റുള്ളവരാല്‍ ആദരണീയനാകുന്നതും അതുപോലെ എത്ര കഷ്ടപ്പാടുകള്‍ സഹിച്ചിട്ടാവും?

Anonymous said...

വിപിന്‍ എഴുതിയതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ജീവിതവും ഈശ്വരനും പ്രകൃതിയും ബ്രഹ്മാവും ചൈതന്യവും ഞാനും നീയും ഒക്കെ ഒന്നാണ് എന്ന് മനസ്സിലാക്കന്‍ വളരെ ലളിതം തന്നെ. പക്ഷെ നമ്മുടെ ജനങ്ങള്‍ക്ക്‌ ലളിതമായിട്ടുള്ളതിനോട് എപ്പോഴും വെറുപ്പാണ്, അത് മനസ്സിലാകാന്‍ ഉള്ള മാനസിക സ്ഥിരത പോലും ഇല്ല. ജീവിതം എന്ന് വച്ചാല്‍ നെട്ടോട്ടം ഓടിപിടിച്ചടക്കാന്‍ ഉള്ള എന്തോ ഒന്നു ആണ് എന്നാണ് എല്ലാവരുടെയും വിചാരം. പക്ഷെ, ഓടി അങ്ങേത്തുമ്പോള്‍ എല്ലാം ഒരു മരീചികയായിരുന്നു എന്ന് മനസ്സിലാവും, പക്ഷെ അപ്പോഴേക്കും പരമസത്യം അറിയാനുള്ള സമയം കഴിഞ്ഞിരിക്കും.

ഗീതയും ജ്ഞാനപ്പാനയും ഒക്കെ ജീവിതത്തിന്‍റെ സായംസന്ധ്യയില്‍ മാത്രം വായിക്കാനും മനസ്സിലാക്കന്‍ ശ്രമിക്കാനും ഉള്ല്ലതാന്‍ എന്നാണ് എന്തോണോ വേണ്ടി ഓടുന്ന ജനങ്ങളുടെ വിശ്വാസം. അവരെ കുറ്റപ്പെടുത്തുക അല്ല, വെറുതെ ഉറക്കെ ചിന്തിക്കുന്നു, അത്ര തന്നെ.
- ശ്രീ

Vellayani Vijayan/വെള്ളായണിവിജയന്‍ said...

വിപിന്‍ നന്നായിട്ടുണ്ട്.ഇത്തരം പോസ്റ്റുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.
ആശംസകള്‍......
വെള്ളായണി

സ്നേഹതീരം said...

നല്ല ചിന്തകളുണര്‍ത്തിയ നല്ലൊരു പോസ്റ്റ്. വല്ലപ്പോഴുമെങ്കിലും ഇത്തരമൊരു ഉണര്‍ത്തുപാട്ട് നല്ലതാണ്. എനിക്ക് ഒത്തിരി ഇഷ്ടമായി.

വിപിന്‍ said...

ലതി ചേച്ചീ...ശ്രീ... വെള്ളായണിച്ചേട്ടാ...സ്നേഹതീരത്തിലെ ചേച്ചീ..
വായിച്ചിട്ടും കമന്റാത്ത സുഹൃത്തുക്കളേ...
എല്ലാവര്‍ക്കും ഒരായിരം നന്ദി!

Kvartha Test said...

മുകളില്‍ teck.in ആയി അഭിപ്രായം രേഖപ്പെടുത്തിയ ശ്രീയുടെ മറ്റൊരു അവതാരം ആണ് ഈ തോന്ന്യാസി ശ്രീ :-)

Anonymous said...

nannayittundu


http://www.karunamayam.blogspot.com