10:43 am

വാളുയര്‍ത്തും മുമ്പ്‌ ഒരു നിമിഷം..!

ഒരു വേനല്‍ക്കാല പ്രഭാതം. മംഗോളിയന്‍ യോദ്ധാവായ ചെങ്കിഷ്‌ ഖാന്‍ തന്റെ സംഘത്തോടൊപ്പം വേട്ടയാടാനിറങ്ങി. പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളുമൊക്കെ ഇടകലര്‍ന്ന ഭൂപ്രദേശം. ഇടയ്ക്കങ്ങിങ്ങ്‌ മാത്രം ചില വന്മരങ്ങള്‍. മറ്റെല്ലാ യോദ്ധാക്കളുടെയും ചുമലില്‍ വില്ലും, ആവനാഴി നിറയെ അസ്ത്രങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ചെങ്കിഷ്‌ ഖാന്‍ തന്റെ ചുമലില്‍ തനിക്കേറ്റവും പ്രിയപ്പെട്ട പരുന്തിനെ മാത്രമായിരുന്നു വഹിച്ചിരുന്നത്‌. മറ്റേതൊരായുധത്തെക്കാളും സൂക്ഷ്മമായി ലക്ഷ്യത്തിലെത്താനുള്ള ആ വേട്ടപ്പക്ഷിയുടെ കഴിവില്‍ അദ്ദേഹം ഏറെ അഭിമാനിച്ചിരുന്നു.

ആജ്ഞ കിട്ടിയാലുടന്‍ ആ പരുന്ത്‌ അദ്ദേഹത്തിന്റെ ചുമലില്‍ നിന്ന് പറന്നുയരും. ആകാശത്തോളം പറന്നുയര്‍ന്ന് തന്റെ സൂക്ഷ്മനയനങ്ങള്‍ കൊണ്ട്‌ ആ പ്രദേശമാകെ വീക്ഷിക്കും. ഏതെങ്കിലുമൊരു കാട്ടുമുയലിനെയോ ചെറു മാനിനെയോ കണ്ടെന്നിരിക്കട്ടെ, പിന്നെയൊരൊറ്റ കുതിപ്പാണ്‌, കുത്തനെ താഴേക്ക്‌! ഏറെ വൈകാതെതന്നെ കൂര്‍ത്ത നഖങ്ങള്‍ക്കിടയില്‍ പിടയുന്ന ജീവിയുമായി ആ വന്‍പക്ഷി തന്റെ യജമാനനരികില്‍ പറന്നെത്തും. മറ്റെന്തിനെക്കാളും തന്റെ വേട്ടപ്പക്ഷിയെ ചെങ്കിഷ്‌ ഖാന്‍ സ്നേഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു.

പതിവിനു വിപരീതമായി ആ ദിവസം തികച്ചും നിരാശാജനകമായിരുന്നു. മധ്യാഹ്നത്തോളം അലഞ്ഞിട്ടും ഒരു ചെറു ജീവിയെപ്പോലും കണ്ടെത്താന്‍ ആ വേട്ടസംഘത്തിനായില്ല. കരുതിയിരുന്ന ജലമെല്ലാം തീര്‍ന്നു. സൂര്യന്‍ ആകാശത്ത്‌ കത്തിജ്വലിക്കുകയാണ്‌. ദാഹവും ക്ഷീണവും കൊണ്ട്‌ ചെങ്കിഷ്‌ ഖാനും കൂട്ടരും ആകെ തളര്‍ന്നിരിക്കുന്നു. തന്റെ കൂട്ടാളികളെ ഒരു മരത്തണലില്‍ വിശ്രമിക്കാന്‍ വിട്ട്‌ ആ യോദ്ധാവ്‌ ഒന്നു ചുറ്റും കണ്ണോടിച്ചു. അടുത്തെവിടെയെങ്കിലും ഒരു നീരുറവ കണ്ടെത്താനായെങ്കില്‍..! കൊടിയ വേനലില്‍ എല്ലാം വറ്റിവരണ്ടിരിക്കുന്നു. കുറച്ചകലേക്ക്‌ അദ്ദേഹം നടന്നു. അവിടെയതാ... ഒരു പാറക്കെട്ടിന്റെ വിടവിലൂടെ വെള്ളം നൂലുപോലെ ഒഴുകിവീഴുന്നു. അദ്ദേഹത്തിന്റെ നെഞ്ചില്‍ നിന്ന് ആശ്വാസത്തിന്റെ ഒരു നിശ്വാസമുയര്‍ന്നു.

താനെപ്പോഴും കൂടെക്കരുതാറുള്ള ആ വെള്ളിക്കപ്പെടുത്ത്‌ അദ്ദേഹം വെള്ളം ശേഖരിക്കാന്‍ തുടങ്ങി. ചില നിമിഷങ്ങളെടുത്തു അതൊന്നു നിറഞ്ഞു കിട്ടാന്‍. ആര്‍ത്തിയോടെ പാത്രം ചുണ്ടോടടുപ്പിച്ചു. പെട്ടെന്നാണതു സംഭവിച്ചത്‌! ചുമലില്‍ നിന്നു മാറി ഒരു കുറ്റിച്ചെടിയുടെ ചില്ലയിലിരിക്കുകയായിരുന്ന പരുന്ത്‌ ശരവേഗത്തില്‍ പറന്നെത്തി ആ പാനപാത്രം തട്ടിത്തെറിപ്പിച്ചു. “ഇതിനെന്താ ഭ്രാന്തുപിടിച്ചോ!” ചെങ്കിഷ്‌ ഖാന്‌ അരിശം വന്നു. “ഒരുപക്ഷേ അതിനും ദാഹിക്കുന്നുണ്ടാവാം” അദ്ദേഹം പണിപ്പെട്ട് സ്വയം നിയന്ത്രിച്ചു.
ദൂരേക്കുതെറിച്ചു വീണ ആ പാത്രം കയ്യിലെടുത്തു; മണ്ണും പൊടിയുമൊക്കെ പറ്റിയിരുന്നത്‌ തുടച്ചു. വീണ്ടും വെള്ളം നിറയ്ക്കാന്‍ തുടങ്ങി. ഇത്തവണ പകുതി നിറഞ്ഞേയുള്ളു. പാഞ്ഞെത്തിയ പരുന്ത്‌ വീണ്ടും ആ ജലപാത്രം തട്ടിത്തെറിപ്പിച്ചു. എന്നിട്ട്‌ ഒന്നുമറിയാത്തതുപോലെ ആ പാറക്കെട്ടിനു മുകളില്‍ പോയിരുന്നു. ആ യോദ്ധാവിനു കോപം അടക്കാനായില്ല. “അജയ്യനായ, എതിരാളികളുടെ പേടിസ്വപ്നമായ ചെങ്കിഷ്‌ ഖാന്‍ കേവലം ഒരു പക്ഷിയുടെ മുന്നില്‍ തോല്‍ക്കുകയോ? ആരെങ്കിലും അറിഞ്ഞാല്‍ ഇതുപോലെ മറ്റൊരപമാനമുണ്ടോ?”

എന്തോ തീരുമാനിച്ചുറച്ച്‌ അദ്ദേഹം ആ പാത്രം കുനിഞ്ഞെടുത്തു. നീര്‍ധാരയ്ക്കടുത്തേക്ക്‌ നടന്നു. അരയിലെ ഉറയില്‍ നിന്ന് തന്റെ വാള്‍ ഊരിയെടുത്ത്‌ വലതുകയ്യില്‍ പിടിച്ചു. ഒരു കണ്ണ് പരുന്തിന്മേലും മറുകണ്ണ് ഇറ്റിറ്റുവീഴുന്ന ജലത്തിലും ഉറപ്പിച്ച്‌ പാത്രം നിറയ്ക്കാന്‍ തുടങ്ങി. അല്‍പ്പസമയത്തിനു ശേഷം, നിറഞ്ഞപാത്രം തന്റെ ചുണ്ടിലേക്കുയര്‍ത്തി. പ്രതീക്ഷ തെറ്റിയില്ല, പരുന്ത്‌ പാഞ്ഞടുത്തു. ചെങ്കിഷ്‌ ഖാന്റെ മൂര്‍ച്ചയേറിയ വാള്‍ മിന്നല്‍ വേഗത്തില്‍ ഒന്നുയര്‍ന്നു. ആ പക്ഷിയുടെ ഹൃദയം ഭേദിച്ചുകൊണ്ട്‌ അതു കടന്നുപോയി!

ചെങ്കിഷ്‌ ഖാന്‍ ആ നീരുറവിലേക്കു നോക്കി. “നാശം അത്‌ ഒഴുകിത്തീര്‍ന്നിരിക്കുന്നു. ഇനിയെന്താ ചെയ്ക... ” ജലം തേടി ആ പാറക്കെട്ടിനു മുകളിലേക്ക്‌ നടക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മുകളിലെത്തിയപ്പോള്‍ അവിടെയതാ ഒരു ചെറിയ തെളിനീര്‍ക്കുളം! ഇതില്‍ നിന്നാണ്‌ വെള്ളം താഴേക്കൊഴുകിയിരുന്നത്‌. ഒന്നുകൂടി സൂക്ഷിച്ച്‌ നോക്കി. എന്താണത്‌! അദ്ദേഹം അല്‍ഭുതസ്തബ്ധനായിപ്പോയി. ആ കുളത്തില്‍ ചത്തുകിടക്കുന്നു; ആ പ്രദേശത്ത്‌ കാണുന്ന ഏറ്റവും വിഷമുള്ള ഒരു പാമ്പ്‌ ! “ആ വെള്ളം കുടിച്ചിരുന്നെങ്കില്‍... ഈ വിജനപ്രദേശത്തു കിടന്നു മരിക്കാനാകുമായിരുന്നു തന്റെ വിധി! ” തീവ്രമായ കുറ്റബോധത്താല്‍ ആ യോദ്ധാവിന്റെ ശിരസ്സു കുനിഞ്ഞു, കണ്ണുകള്‍ നിറഞ്ഞൊഴുകി.

തന്റെ വാള്‍മുനയിലൊടുങ്ങിയ പരുന്തിന്റെ ജഡവും കയ്യിലെടുത്ത്‌ അടക്കാനാകാത്ത ദു:ഖത്തോടെ, കുനിഞ്ഞ ശിരസ്സോടെ ചെങ്കിഷ്‌ ഖാന്‍ കൂടാരത്തിലേക്കു മടങ്ങി. ആ വേട്ടപ്പക്ഷിയുടെ സ്വര്‍ണ്ണത്തിലുള്ള ഒരു ശില്‍പ്പമുണ്ടാക്കാന്‍ അദ്ദേഹം കല്‍പ്പിച്ചു. അതിന്റെ ഒരു ചിറകില്‍ അദ്ദേഹം കൊത്തിവച്ചു...
“ഒരു കൂട്ടുകാരന്‍ നമുക്കിഷ്ടമല്ലാത്തതു ചെയ്യുമ്പോഴും അയാള്‍ നമ്മുടെ കൂട്ടുകാരന്‍ തന്നെയായിരിക്കും”
മറു ചിറകില്‍ ഇങ്ങനെ കുറിച്ചു...
“ക്രോധത്തിനധീനനായി ചെയ്യുന്ന ഏതൊരു പ്രവൃത്തിയും നമ്മെ പരാജയത്തിലേക്കു നയിക്കുന്നു.”
...............................................................................................................................

ഒന്നു ചിന്തിക്കുക, പലപ്പോഴും അടക്കാനാകാത്ത കോപത്തിനു നാമും അധീനരായിപ്പോകാറില്ലേ?
പെട്ടെന്നു നാവില്‍നിന്നുയരുന്ന പരുഷമായ ചില വാക്കുകള്‍, ചില പ്രവൃത്തികള്‍...
സിരകളില്‍ രക്തം തിളയ്ക്കുമ്പോള്‍ അറിയാതെ നഷ്ടമാക്കുന്നത്‌ ഒരുപക്ഷേ ഒരിക്കലും തിരിച്ചുപിടിക്കാനാവാത്തതാകാം... കുറ്റബോധം ജീവിതകാലം മുഴുവന്‍ നമ്മെ ക്രൂരമായി വേട്ടയാടിയേക്കാം...
വാളുയര്‍ത്തും മുമ്പ്‌ ഒരു നിമിഷം...!

5:22 pm

പെന്‍സില്‍ ചിലതു പഠിപ്പിക്കുന്നുണ്ട് !

മുത്തശ്ശി പെന്‍സില്‍ കൊണ്ട്‌ കടലാസിലെന്തോ കുത്തിക്കുറിക്കുകയായിരുന്നു. നാലു വയസ്സുള്ള കുഞ്ഞുമകന്‍ അരികില്‍ നിശ്ശബ്ദം നോക്കിയിരുന്നു. ഒരു ഘട്ടത്തില്‍ അവന്റെ ക്ഷമ നശിച്ചു. “എന്താ അമ്മൂമ്മേ ഈ എഴുതണേ...മോനൂനെപ്പറ്റിയാണോ...?” അവന്‍ കൊഞ്ചിക്കൊണ്ടു ചോദിച്ചു.
“അതെ മോനൂ, നിന്നെപ്പറ്റിത്തന്നെയാ... പിന്നെ ഈ പെന്‍സിലിനെപ്പറ്റിയും. മോന്‍ ഈ പെന്‍സില്‍ കണ്ടില്ലേ... എത്ര ഭംഗിയുള്ളതാ... മോനും ഈ പെന്‍സില്‍ ഇഷ്ടമല്ലേ..”.
കൗതുകത്തോടെ അവന്‍ ആ പെന്‍സില്‍ എടുത്തു. തിരിച്ചും മറിച്ചും നോക്കി; മുന്നിലിരുന്ന പത്രക്കടലാസില്‍ കുത്തിവരഞ്ഞു. അവന്‌ ഒരു പ്രത്യേകതയും തോന്നിയില്ല.
“ഇതു നമ്മള്‍ സാധാരണ കാണുമ്പോലൊരു പെന്‍സിലാണല്ലോ... ഇതിലെന്താ ഇത്ര ഇഷ്ടം തോന്നാന്‍...”
“അതു മോന്‍ നോക്കേണ്ടതുപോലെ നോക്കാത്തതുകൊണ്ടാ... മോനറിയാമോ, ഈ പെന്‍സില്‍ അഞ്ചു കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്‌. ജീവിതത്തില്‍ ഏറ്റവും പ്രധാനമായ അഞ്ചു കാര്യങ്ങള്‍...”
കുട്ടിയുടെ കണ്ണുകള്‍ കൗതുകത്താല്‍ വിടര്‍ന്നു. അവ ആ വൃദ്ധനേത്രങ്ങളിലേക്ക്‌ ഉറ്റുനോക്കി.
“ഒന്നാമത്തെ കാര്യം, മുത്തശ്ശി തുടര്‍ന്നു... നമ്മള്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ്‌. പക്ഷേ എല്ലായ്പ്പോഴും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്‌. നമ്മെ നിയന്ത്രിക്കുന്ന ഒരു കരം ഉണ്ടെന്ന സത്യം. അതിന്റെ സഹായമില്ലാതെ നമുക്കൊന്നും ചെയ്യാനാവില്ല. നാം ആ കരത്തെ ഈശ്വരന്‍ എന്നു വിളിക്കുന്നു. ആ നിയന്ത്രണത്തിനു പൂര്‍ണമായി വഴങ്ങിക്കൊടുക്കുകയാണു വേണ്ടത്‌.
രണ്ടാമതായി, ഈ പെന്‍സില്‍ കൊണ്ട്‌ കുറേയധികം എഴുതിക്കഴിയുമ്പോള്‍ അതിന്‌ വീണ്ടും മൂര്‍ച്ച വരുത്തേണ്ടിവരും.അത്‌ പെന്‍സിലിന്‌ കുറച്ചു വേദന ഉളവാക്കുമെന്നത്‌ തീര്‍ച്ചയാണ്‌ എന്നാല്‍ അതിനു ശേഷം അത്‌ കൂടുതല്‍ മികച്ച, ഉപയോഗക്ഷമമായ ഉപകരണമായി മാറുന്നു. അതു പോലെ ജീവിതത്തിലും ചില വേദനയുടെ അനുഭവത്തിലൂടെ നാം കടന്നുപോകേണ്ടി വന്നേക്കാം. എന്നാല്‍ ആ അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ മേന്മയേറിയവ്യക്തികളാക്കി മാറ്റുകയാണെന്നറിയുക.
മൂന്നാമത്തെ ഗുണം, പെന്‍സില്‍ എല്ലായ്പ്പോഴും താനെഴുതിയത്‌ മായ്ക്കുവാന്‍ അനുവദിക്കുന്നു. നാം ജീവിതത്തില്‍ ചെയ്യുന്നതെല്ലാം ശരിയാകണമെന്നില്ല. പശ്ചാത്തപിക്കാനും തെറ്റുതിരുത്തുവാനുമുള്ള ശ്രമങ്ങള്‍ ജീവിതത്തെ കൂടുതല്‍ മഹനീയമാക്കിത്തീര്‍ക്കുന്നു.
ഇനി നാലാമത്തേത്‌, പുറമേയുള്ള തടികൊണ്ടുള്ള, നിറമുള്ള ഈ കവചം എത്ര മനോഹരമാണ്‌ എന്നതല്ല, മറിച്ച്‌ അതിനുള്ളിലെ ഗ്രാഫൈറ്റ്‌ ആണ്‌ ഒരു പെന്‍സിലിന്റെ മേന്മ നിര്‍ണ്ണയിക്കുന്നത്‌. അതിനാല്‍ കൂടുതല്‍ ശ്രദ്ധ ഉള്ളിലേക്ക്‌ കേന്ദ്രീകരിക്കുക. പുറംപൂച്ചുകളല്ല, ഒരു മനുഷ്യന്റെ ഉള്ളിലെ ഗുണഗണങ്ങളാണ്‌ അവനെ ഒരു നല്ല വ്യക്തിയാക്കി മാറ്റുന്നത്‌ എന്നു സാരം.
അവസാനമായി പെന്‍സില്‍, അതു കൊണ്ടെഴുതിയത്‌ മായ്ച്ചാലും എല്ലായ്പ്പോഴും ഒരു പാട്‌ അവശേഷിപ്പിക്കുന്നു. അതുപോലെ, നമ്മുടെ എല്ലാ പ്രവൃത്തികളും മായ്ക്കാനാവാത്ത ഒരു പാട്‌ അവശേഷിപ്പിക്കുമെന്ന് ഒരിക്കലും മറക്കരുത്‌. ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ഏറെ ശ്രദ്ധാലുവായിരിക്കുക”.
കുട്ടി തന്റെ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു, ആ ചുളിവു വീണ കവിളില്‍ ചുണ്ടമര്‍ത്തി. അവന്റെ കുഞ്ഞുമനസ്സ്‌ മന്ത്രിച്ചു. “അമ്മൂമ്മയെ എനിക്കെന്തിഷ്ടമാണെന്നോ...ഇപ്പോള്‍ ഈ പെന്‍സിലിനെയും...”
ഈ ചിന്തോദ്ദീപകമായ കഥ നമ്മുടെ മനസ്സിനോട്‌ ആഴത്തില്‍ സംവദിക്കാന്‍ സ്വയം കെല്‍പ്പുള്ളതാണ്‌. അതുകോണ്ടുതന്നെ ഒരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ലതന്നെ. എങ്കിലും ചില ചിന്തകള്‍ മാത്രം പങ്കു വയ്ക്കട്ടെ.
“നാം വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാണ്‌, എന്നാല്‍ നമ്മെ നിയന്ത്രിക്കുന്ന ഒരു കരമുണ്ടെന്നത്‌ മറക്കരു” തെന്നാണ്‌ പെന്‍സില്‍ പഠിപ്പിച്ച ആദ്യ പാഠം. നമ്മുടെ എല്ലാ ആചാര്യന്മാരും, വേദഗ്രന്ധങ്ങളും പല ഭാവങ്ങളില്‍ ഇതേ സന്ദേശം പകരുന്നുണ്ട്‌. നാം ഈശ്വരന്റെ കയ്യിലെ ഒരു ഉപകരണം മാത്രമാണെന്ന, ഓരോ നിമിഷവും ആ സമര്‍പ്പണ ഭാവം നമ്മിലുണ്ടാകണമെന്ന പരമമായ സന്ദേശം.
ബൈബിളിലെ കുശവനും കളിമണ്ണുമെന്ന ഹൃദ്യമായ ദൃഷ്ടാന്തം ഇതിനുദാഹരണമായി കാണാം. 'കളിമണ്ണ് കുശവന്റെ കയ്യില്‍ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ കയ്യില്‍ ഇരിക്കുന്നു (യിരെമ്യാവ്‌:18:6b)' എന്ന് യഹോവയായ ദൈവം യിസ്രായേല്‍ ജനത്തോട്‌ അരുളുന്നു. കളിമണ്ണും കുശവനുമായുള്ള ആത്മബന്ധം; കളിമണ്ണിന്‌ കുശവനോടുള്ള സമര്‍പ്പണഭാവം! പാഴ്‌ചെളിയെ മനോഹരമായ, മേന്മയേറിയ പാത്രമാക്കി മാറ്റാന്‍ കുശവനു മാത്രമാണു കഴിയുക. ഈശ്വരനോട്‌ നമുക്കു വേണ്ടതും ഇതേ സമര്‍പ്പണ മനോഭാവമാണ്‌.
പെന്‍സില്‍ പഠിപ്പിച്ച രണ്ടാമത്തെ കാര്യവും ഇതിനോടനുബന്ധമായി കാണാം. “ഓരോതവണ വേദനാജനകമായ കൂര്‍പ്പിക്കലുകള്‍ക്ക്‌ വിധേയനാകുമ്പോഴും ഓര്‍ക്കുക, മേന്മ വര്‍ദ്ധിക്കുകയാണ്‌ ”. വയലിലും വഴിയിറമ്പിലും കാണുന്ന കളിമണ്ണ് അതുപോലെ ഉപയോഗിക്കുകയല്ല, കുശവന്‍. അതിലെ ചെളിയും കല്ലുകളും മാലിന്യങ്ങളുമെല്ലാം നീക്കേണ്ടതുണ്ട്‌. ചില താപന പ്രക്രിയകള്‍ (Heat Treatments) ചെയ്യേണ്ടതുണ്ട്‌. അപ്പോഴാണ്‌ അത്‌ ഉറപ്പും മനോഹാരിതയുമുള്ള, ഉപയോഗക്ഷമമായ മണ്‍പാത്രമായി പുന:സൃഷ്ടിക്കപ്പെടുന്നത്‌.
നമ്മിലും ചില മാലിന്യങ്ങളും കല്ലുകളുമൊക്കെ നീക്കം ചെയ്യപ്പെടേണ്ടതായിട്ടുണ്ട്‌. ജീവിതത്തില്‍ വേദനകളും പ്രതിസന്ധികളും വിരുന്നെത്തുമ്പോള്‍ മറക്കരുത്‌; നാം കൂടുതല്‍ മൂല്യമുള്ള, ഉറപ്പുള്ള വ്യക്തികളാവുകയാണ്‌. എല്ലാം നന്മയ്ക്കാണ്‌ എന്ന് ഉറച്ചു വിശ്വസിക്കുക.
ഒരു പഴയ ഇംഗ്ലീഷ്‌ ഗാനം ഓര്‍മ്മവരുന്നു...
Change my heart O' God
Make it ever true...
Change my heart O' God
May I be like you...
You are the potter, I am the clay...
Mould me and make me... This is what I pray...
അതെ, ഇതാണെന്റെ പ്രാര്‍ത്ഥന!

8:48 pm

കല്ലിലും കാണുന്ന ദൈവം !

“അവിടുത്തെ ആത്മാവിനെ ഒളിച്ച്‌ ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ട്‌ ഞാന്‍ എവിടേക്ക് ഓടും. ഞാന്‍ സ്വര്‍ഗത്തില്‍ കയറിയാല്‍ നീ അവിടെയുണ്ട്‌. പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെയുണ്ട്‌. ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ച്‌ സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍ അവിടെയും നിന്റെ കൈ എന്നെ നടത്തും. നിന്റെ വലം കൈ എന്നെ പിടിക്കും. ഇരുട്ട്‌ എന്നെ മൂടിക്കളയട്ടെ; വെളിച്ചം എനിക്കു ചുറ്റും രാത്രിയായിത്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍ ഇരുട്ടുപോലും നിനക്ക്‌ മറവായിരിക്കുകയില്ല.“ (സങ്കീര്‍ത്തനങ്ങള്‍ 139:7-11)

ദാവീദ്‌ ഈശ്വരന്റെ ഉണ്മയെ വര്‍ണ്ണിക്കുകയാണ്; ഏങ്ങും നിറയുന്ന പരമാത്മചൈതന്യമായി തിരിച്ചറിയുകയാണ് ! എല്ലാത്തിലും; സചേതനവും അചേതനവുമായ, ഗോചരവും അഗോചരവുമായ, സൂക്ഷ്മവും സ്ഥൂലവുമായ എല്ലാത്തിലും ഈശ്വരചൈതന്യം അനുഭവിക്കുക!? ആത്മസാക്ഷാത്ക്കാരത്തിന് ക്രിസ്തുവും കൃഷ്ണനുമുള്‍പ്പെടെയുള്ള ആചാര്യപരമ്പരകള്‍ ഒരേസ്വരത്തില്‍ പറയുന്നത്‌ ഇതുതന്നെയാണ് - ഈശാവാസ്യമിദം സര്‍വ്വം.

ഇന്നു കാണുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ഈ തിരിച്ചറിവ്‌. ഞാനാരാധിക്കുന്ന ഈശ്വരന്‍ എന്റെ സഹജീവിയിലുണ്ടെന്നറിയുമ്പോള്‍ അവനെ വെറുക്കാന്‍ എനിക്കാകുമോ? പുഴയില്‍ ഈശ്വരചൈതന്യമുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അതിനെ മലിനമാക്കുവാന്‍ തോന്നുമോ? ഒരുറുമ്പിനെയെങ്കിലും നോവിക്കുവാനാകുമോ? എങ്ങും ആ ദിവ്യചൈതന്യം കാണുവാന്‍ കണ്ണുണ്ടായാല്‍ മാത്രം മതി. അതാണ് മൂന്നാം തൃക്കണ്ണ് ! അതു തുറക്കുന്നതോടെ കണ്മുന്നിലുള്ള എല്ലാ കാലുഷ്യങ്ങളും ഭസ്മമാകും. ഈശ്വരന്റെ അതുല്യപ്രേമം മാത്രം എങ്ങും നിറയും.

എന്തിലും ഈശ്വരനെ കാണുകയെന്ന വലിയ ദര്‍ശനമാണ് ആരാധനാ വിഗ്രഹങ്ങളുടെയും അടിസ്ഥാനമെന്നു വേണം കരുതാന്‍. ഒരു കല്ലില്‍ പോലും ഈശ്വരനെ കാണാന്‍ കഴിയുകയെന്നത്‌ ചെറിയ കാഴ്ചയല്ല തന്നെ. അത് ഏറ്റവും മഹത്തായ ദര്‍ശനമാണ്. കല്ലില്‍ ഈശ്വരനെ കാണാനാകുന്നവന് ആ വിശ്വരൂപനെ പ്രപഞ്ചത്തിലെ ഓരോ അണുവിലും ദര്‍ശിക്കുവാന്‍ കഴിയും. എന്നാല്‍ നമ്മുടെ പ്രശ്നം ഏറെ വഷളാണ്. നമുക്ക്‌ ഒരു കല്ലില്‍, അല്ലെങ്കില്‍ ശിവകാശിയിലച്ചടിക്കുന്ന വര്‍ണ്ണം വാരിത്തൂകിയ ചിത്രങ്ങളില്‍ മാത്രമേ ഈശ്വരനെ കാണാനാകുന്നുള്ളു. രസകരമായ മറ്റൊന്ന്, കിടപ്പുമുറിയില്‍ ഇത്തരം ചിത്രങ്ങള്‍ വയ്ക്കാന്‍ നമുക്ക്‌ മടിയാണ്. അവിടെ നടക്കുന്നതൊക്കെ ഈശ്വരന്‍ കണ്ടാലോ എന്ന ഭയമാണ്. അത്രയൊക്കെയേ ഉള്ളു നമ്മുടെ കാഴ്ചയുടെ ചക്രവാളം.

സകല കര്‍മ്മവും ഈശ്വര പൂജയായി അനുഷ്ഠിക്കുവാന്‍ ഗീത ഉപദേശിക്കുന്നു.
"യത്‌ കരോഷി യദശ്‌നാസി യജ്ജുഹോഷി ദദാസിയത്‌
യത്തപസ്യസി കൗന്തേയ തത്‌ കുരുഷ്യാ മദര്‍പ്പണം"
-അല്ലയോ കൗന്തേയ, എന്തു ചെയ്യുന്നുവോ, എന്തു ഭക്ഷിക്കുന്നുവോ, എന്തു ദാനം ചെയ്യുന്നുവോ, എന്തു തപസ്സാണോ അനുഷ്ഠിക്കുന്നത്‌ അതെല്ലാം പരമാത്മാവായ എനിക്ക്‌ അര്‍പ്പണമാക്കൂ.

ഈ ഗീതാദര്‍ശനം ജീവിത ദര്‍ശനമാക്കുവാന്‍ ഏകമാര്‍ഗം നേരത്തെ പറഞ്ഞതു തന്നെയാണ്. ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വര ചൈതന്യം നിറയുന്നത്‌ അകക്കണ്ണു തുറന്ന് കണ്ടറിയുക. ഞാന്‍ ഈശ്വരന്റെ കയ്യിലെ ഒരുപകരണം മാത്രമാണെന്നും ചെയ്യുന്ന കര്‍മ്മമെല്ലാം ഈശ്വരാരാധനയാണെന്നും സ്വയം സത്യസന്ധമായി ഭാവന ചെയ്താല്‍ മാത്രം മതി ഒരു വല്ലാത്ത Relief അനുഭവവേദ്യമാകാന്‍. അങ്ങനെയാകുമ്പോള്‍ ദിനചര്യകള്‍ ഈശ്വരാരാധനയാകും, അന്നന്നത്തെ അന്നം ദേവപ്രസാദമായി സ്വീകരിക്കാനാകും, നമ്മുടെ ലക്ഷ്യങ്ങളെല്ലാം ഈശ്വരഹിതത്തിന് അനുരൂപമാകും എന്തിനേറെ ലൈംഗികത പോലും യജ്ഞതുല്യമായ അനുഭൂതിയായി മാറും .

അതെ, ആ മൂന്നാം കണ്ണു തുറക്കുക തന്നെയാണു വേണ്ടത്‌. അപ്പോള്‍ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ഈശ്വരന്റെ അനുപമസാന്നിധ്യം അനുഭവിക്കാനാകും. മനസ്സിന്റെ ചക്രവാളത്തില്‍ ആ ദിവ്യ ചൈതന്യത്തിന്റെ നാമരൂപ ഭേദങ്ങള്‍ എന്നെന്നേക്കുമായി അസ്തമിക്കും. കര്‍മ്മങ്ങളെല്ലാം ഭഗവദാരാധനയായി മാറും. ജീവിതം ഒരനവദ്യഗീതം പോലെ മനോഹരമായി മാറും.
ഇനി അതിനാകട്ടെ നമ്മുടെ പ്രാര്‍ത്ഥനകള്‍...

‘തന്നില്‍ നിന്നന്യമല്ലാതെ-
യെന്നു കാണുന്നു സര്‍വ്വവും
അന്നേതു മോഹമന്നേതു
ശോകമേകത്വ ദൃക്കിന്.. ‘ (ശ്രീ നാരായണ ഗുരു)



പ്രചോദനം: സ്വാമി സന്ദീപ് ചൈതന്യ

11:38 pm

മാറുവാന്‍ നോക്കാം... ഒന്നു മാറിയിരുന്നു നോക്കാം..!

ശ്രീ ബുദ്ധന്റെ മനോഹരമായ ഒരു കഥയുണ്ട്.
ഉഷ്ണമേറിയ ഒരു വേനല്‍ക്കാലം. ബുദ്ധനും അനുയായികളും ഒരു വനത്തിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിനു വല്ലാത്ത ദാഹം തോന്നി. പ്രിയ ശിഷ്യനായ ആനന്ദനെ അരികില്‍ വിളിച്ചു പറഞ്ഞു- "ആനന്ദാ... എനിക്കു നല്ല ദാഹമുണ്ട്‌. ഏതാനും നാഴിക പിന്നില്‍ നാം ഒരു തടാകം കണ്ടതോര്‍ക്കുന്നില്ലേ..? നീ അവിടം വരെ തിരികെ ചെല്ലുക, ഈ കമണ്ഡലുവില്‍ ജലമെടുത്തു വരിക."

ആനന്ദന്‍ പുറപ്പെട്ടു, തടാകത്തിനരികിലെത്തി. നേരത്തെ കണ്ട സ്വച്ഛമായ തടാകമായിരുന്നില്ല അത്‌. ആ കാട്ടുപാതയിലൂടെ തൊട്ടുമുമ്പ്‌ കടന്നുപോയ വ്യാപാരസംഘത്തിന്റെ കാളവണ്ടികള്‍ ആ തടാകത്തെയാകെ കലക്കിക്കളഞ്ഞിരുന്നു. പറന്നുയര്‍ന്ന കരിയിലകള്‍ തടാകത്തിലെ ഇനിയും നിലയ്ക്കാത്ത ഓളങ്ങള്‍ക്കുമേല്‍ ഒഴുകിനടന്നു. അയാള്‍ ആകെ വിഷണ്ണനായി. ഈ വെള്ളമെങ്ങനെ കുടിക്കും?! ആനന്ദന്‍ തിരികെ നടന്നു, തന്റെ ഗുരുവിന്റെ അടുക്കലേക്ക്‌.
"ഗുരോ, അങ്ങ്‌ കുറേക്കൂടി കാത്തിരിക്കേണ്ടിവരും. ആ തടാകമാകെ കലങ്ങിപ്പോയിരിക്കുന്നു. ചില നാഴികകള്‍ മുന്നോട്ടു പോയാല്‍ അവിടെയൊരു അരുവിയുണ്ടെന്നു കേട്ടിട്ടുണ്ട്‌. അങ്ങേക്കു ഞാനവിടെ നിന്നു ജലം കൊണ്ടുവരാം" ബുദ്ധന്‍ വാശിയോടെ പ്രതിവചിച്ചു- "നീ തിരികെ പോവുക. ആ തടാകത്തില്‍ നിന്നുള്ള ജലം തന്നെ വേണം എനിക്കു ദാഹമകറ്റാന്‍."

ആനന്ദന്‌ അരിശം വരാതിരുന്നില്ല. അയാള്‍ക്കറിയാം ആ തടാകത്തിലെ ജലം കലങ്ങിയതും ഉപയോഗശൂന്യവുമാണ്‌. ഗുരു എന്തിനാണിങ്ങനെ വാശി പിടിക്കുന്നത്‌? എങ്കിലും ഗുരുവചനമാണ്‌. ലംഘിക്കാന്‍ പാടില്ല. നീരസമുള്ളിലൊതുക്കി ആനന്ദന്‍ തിരികെ നടന്നു. പിന്നില്‍ ബുദ്ധന്റെ ശബ്ദം മുഴങ്ങി-" തടാകം കലങ്ങിയതാണെങ്കിലും തിരികെ വരേണ്ടതില്ല. ക്ഷമയോടെ തടാകക്കരയില്‍ കാത്തിരിക്കുക. തടാകത്തിലേക്കിറങ്ങരുത്‌.മൗനമായി നിരീക്ഷിക്കുക. ഏറെത്താമസിയാതെ ജലം തെളിയും. അപ്പോള്‍ ജലമെടുത്തുവരിക."

നടന്നുനടന്ന് ആനന്ദന്‍ വീണ്ടും തടാകക്കരയിലെത്തി. ഗുരു പറഞ്ഞതു ശരിയാണ്‌.ജലം ഏറെക്കുറെ തെളിഞ്ഞിരിക്കുന്നു.ഒഴുകി നടന്ന കരിയിലകള്‍ തീരത്തടിഞ്ഞുകഴിഞ്ഞു. ചെളി നിറം മാഞ്ഞിരിക്കുന്നു. എങ്കിലും ഇനിയും തെളിയാനുണ്ട്‌. ശാന്തനായി തടാകത്തിലേക്കുറ്റുനോക്കിക്കൊണ്ട്‌ ആനന്ദന്‍ കരയിലിരുന്നു. ചില നിമിഷങ്ങള്‍ക്കു ശേഷം തെളുതെളെ തെളിഞ്ഞ ജലവും കമണ്ഡലുവില്‍ നിറച്ച്‌ ആഹ്ലാദപൂര്‍വ്വം ആനന്ദന്‍ തിരികെ നടന്നു.ബുദ്ധന്‍ കാത്തിരിപ്പുണ്ടായിരുന്നു.
കമണ്ഡലു ഗുരുവിന്റെ കൈയില്‍ നല്‍കി ആനന്ദന്‍ നന്ദിപൂര്‍വ്വം ആ കാല്‍ക്കല്‍ പ്രണമിച്ചു.
"നീയെന്താണീ ചെയ്യുന്നത്‌? ജലം കൊണ്ടു തന്നതിനു ഞാനല്ലേ നിനക്കു നന്ദി പറയേണ്ടത്‌" ബുദ്ധന്‍ ചോദിച്ചു.ആനന്ദന്റെ കണ്ണുകള്‍ നിറഞ്ഞു. "ഞാന്‍ മനസ്സിലാക്കുന്നു" അയാളുടെ കണ്ഠമിടറി. " അങ്ങെന്നോടു തിരികെ പോകാന്‍ പറഞ്ഞപ്പോള്‍ എനിക്കു ദേഷ്യം വന്നിരുന്നു. ഞാനതു പുറമേ കാട്ടിയില്ലെന്നേയുള്ളു. തിരികെ പോകുന്നതു നിരര്‍ത്ഥകമാണെന്നു ഞാന്‍ കരുതി. എന്നാലിപ്പോള്‍.... ആ തടാകം പോലെയായിരുന്നു അപ്പോള്‍ എന്റെ മനസ്സും - ആകെ കലങ്ങിയിരുന്നു. തടാകക്കരയിലിരുന്ന് ഞാന്‍ ഈ സത്യം തിരിച്ചറിഞ്ഞു. തടാകത്തിലേക്കെടുത്തു ചാടിയാല്‍ അതു അതിനെ കൂടുതല്‍ കൂടുതല്‍ കലക്കുകയേ ഉള്ളൂ. അതുപോലെ മനസ്സ്‌ കലുഷിതമായിരിക്കുമ്പോള്‍ അതിനുള്ളിലേക്ക്‌ എടുത്തുചാടിയാല്‍ അത്‌ പ്രശ്നം കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. ഒന്നു കരയ്ക്കു മാറിയിരുന്നു നിരീക്ഷിക്കുകയാണ്‌ ഉചിതം. ഇനി എന്റെ മനസ്സ്‌ സംഘര്‍ഷഭരിതമാകുമ്പോള്‍ കരയ്ക്കിരുന്ന് അതിലെ തിരകളും കരിയിലകളും ചെളിയും അഴുക്കുമെല്ലാം നോക്കി നിസംഗനായി ഞാനിരിക്കും. എല്ലാം തെളിയുന്ന നിമിഷം വന്നു ചേരുമെന്നുറപ്പാണ്‌."

ഏറെ മാനങ്ങളുള്ള ചിന്താസുരഭിലമായ ഒരു കഥയാണിത്‌. ഒന്നാലോചിച്ചാല്‍ നമ്മുടെയും പ്രകൃതം ഇതുതന്നെയല്ലേ?! ജീവിതത്തില്‍ ആശങ്കകളുണ്ടാവുമ്പോള്‍, പ്രതിസന്ധികള്‍ ഉടലെടുക്കുമ്പോള്‍ അവയ്ക്കുള്ളിലേക്കിറങ്ങിച്ചെന്ന് പേര്‍ത്തും പേര്‍ത്തും ചിന്തിച്ച്‌ സ്വയം തകര്‍ക്കുന്നത്‌ ഒരു ശീലമായിത്തന്നെ മാറുന്നില്ലേ? പലപ്പോഴും ചെറിയ പ്രശ്നങ്ങള്‍ പോലും മനസ്സില്‍ ഒരു ഒഴിയാ ബാധയായി പടരുന്നത്‌, അവ ഭാവിയില്‍ ഉണ്ടാക്കിയേക്കും എന്നു നാം കരുതുന്ന സ്വാധീനങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള വൃഥാ ചിന്തകളാണ്‌.അക്ഷരാര്‍ത്ഥത്തില്‍ 'കുളം കലക്കല്‍!'
ക്രിസ്തു പറഞ്ഞതും മറ്റൊന്നല്ല. ദൈവരാജ്യപ്രാപ്തിക്കായി 'മനസ്സുപുതുക്കി രൂപാന്തരപ്പെടുവിന്‍' എന്ന ആഹ്വാനത്തില്‍ അന്തര്യാമിയായി നിറയുന്നത്‌ 'ആനന്ദ'നുണ്ടായ അതേ പരിവര്‍ത്തനം തന്നെയാണ്‌. മനസ്സിന്‌ അഥവാ ചിന്തകള്‍ക്ക്‌ ഒരു ഓവറോളിംഗ്‌ (Overhauling) വേണമെന്നു സാരം. മനസ്സിനെ ഓവറോള്‍ ചെയ്യാന്‍ ആദ്യം വേണ്ടത്‌ നേരത്തെ പറഞ്ഞതുപോലെ മാനസിക വ്യാപാരങ്ങളെ മാറിയിരുന്നു വീക്ഷിക്കുകയും യുക്തിപൂര്‍വ്വം അപഗ്രഥിക്കുകയും ചെയ്യുകയാണ്‌. അതിലൂടെ മാത്രമേ പ്രശ്നങ്ങളെ അവയുടെ വേരുകളോളം ചെന്ന് മനസ്സിലാക്കാനും പിഴുതെറിയാനും സാധിക്കൂ. മനസ്സിനെക്കുറിചും അതിന്റെ വ്യാപാരങ്ങളെക്കുറിച്ചും സ്വയം ബോധവാനാകുക എന്നതാണ്‌ അടിസ്ഥാനപരമായ ആവശ്യം.
ചില നിമിഷങ്ങള്‍ എകാന്തമായിരുന്ന് മൗനമായി ധ്യാനിക്കുക. സ്വന്തം ഉള്ളിലേക്ക്‌ ഉറ്റുനോക്കുക. ഒന്നിലും ഇടപെടേണ്ടതില്ല. മാറിയിരുന്ന്, മനസ്സിന്റെ ചാഞ്ചാട്ടങ്ങളെ കൗതുകപൂര്‍വ്വം കാണുക, യുക്തിപൂര്‍വ്വം അപഗ്രഥിക്കുക. കുഴക്കുന്ന ഓരോ ചിന്തയോടും ചോദിക്കുക- 'നിന്റെയീ ആശങ്കകള്‍ക്ക്‌ വരുവാനുള്ളതിനെ മാറ്റിമറിക്കാനോ വന്നതിനെ തിരുത്താനോ കഴിയുമോ?' മിക്കപ്പോഴും 'ഇല്ല' എന്നതു തന്നെയായിരിക്കും ഉത്തരം. പിന്നെന്തിനീ ആശങ്ക?!അതെ, യുക്തിപൂര്‍വ്വം ചിന്തിക്കുക തന്നെയാണ്‌ അഭികാമ്യം. മാറാലകളും അഴുക്കുകളും തിരിച്ചറിയുക.
ധ്യാനാത്മകമായ മനസ്സില്‍, ഈശ്വരനും നിങ്ങളും മാത്രമാകുന്ന പ്രാര്‍ഥനയുടെ മധുര നിമിഷങ്ങളില്‍, ആ പവിത്രമായ ജലം കൊണ്ട്‌ മാലിന്യങ്ങളെല്ലാം കഴുകിക്കളയാനാകുമെന്നതില്‍ തെല്ലും സംശയം വേണ്ട. ആ സൂര്യതേജസ്സ്‌ എപ്പോഴും ഉള്ളില്‍ നിറയട്ടെ, ഇരുള്‍ അകന്നു പോകട്ടെ.ഇനി, മാറുവാന്‍ നോക്കാം! ഒന്നു മാറിയിരുന്നു നോക്കാം!!