10:43 am

വാളുയര്‍ത്തും മുമ്പ്‌ ഒരു നിമിഷം..!

ഒരു വേനല്‍ക്കാല പ്രഭാതം. മംഗോളിയന്‍ യോദ്ധാവായ ചെങ്കിഷ്‌ ഖാന്‍ തന്റെ സംഘത്തോടൊപ്പം വേട്ടയാടാനിറങ്ങി. പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളുമൊക്കെ ഇടകലര്‍ന്ന ഭൂപ്രദേശം. ഇടയ്ക്കങ്ങിങ്ങ്‌ മാത്രം ചില വന്മരങ്ങള്‍. മറ്റെല്ലാ യോദ്ധാക്കളുടെയും ചുമലില്‍ വില്ലും, ആവനാഴി നിറയെ അസ്ത്രങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ചെങ്കിഷ്‌ ഖാന്‍ തന്റെ ചുമലില്‍ തനിക്കേറ്റവും പ്രിയപ്പെട്ട പരുന്തിനെ മാത്രമായിരുന്നു വഹിച്ചിരുന്നത്‌. മറ്റേതൊരായുധത്തെക്കാളും സൂക്ഷ്മമായി ലക്ഷ്യത്തിലെത്താനുള്ള ആ വേട്ടപ്പക്ഷിയുടെ കഴിവില്‍ അദ്ദേഹം ഏറെ അഭിമാനിച്ചിരുന്നു.

ആജ്ഞ കിട്ടിയാലുടന്‍ ആ പരുന്ത്‌ അദ്ദേഹത്തിന്റെ ചുമലില്‍ നിന്ന് പറന്നുയരും. ആകാശത്തോളം പറന്നുയര്‍ന്ന് തന്റെ സൂക്ഷ്മനയനങ്ങള്‍ കൊണ്ട്‌ ആ പ്രദേശമാകെ വീക്ഷിക്കും. ഏതെങ്കിലുമൊരു കാട്ടുമുയലിനെയോ ചെറു മാനിനെയോ കണ്ടെന്നിരിക്കട്ടെ, പിന്നെയൊരൊറ്റ കുതിപ്പാണ്‌, കുത്തനെ താഴേക്ക്‌! ഏറെ വൈകാതെതന്നെ കൂര്‍ത്ത നഖങ്ങള്‍ക്കിടയില്‍ പിടയുന്ന ജീവിയുമായി ആ വന്‍പക്ഷി തന്റെ യജമാനനരികില്‍ പറന്നെത്തും. മറ്റെന്തിനെക്കാളും തന്റെ വേട്ടപ്പക്ഷിയെ ചെങ്കിഷ്‌ ഖാന്‍ സ്നേഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു.

പതിവിനു വിപരീതമായി ആ ദിവസം തികച്ചും നിരാശാജനകമായിരുന്നു. മധ്യാഹ്നത്തോളം അലഞ്ഞിട്ടും ഒരു ചെറു ജീവിയെപ്പോലും കണ്ടെത്താന്‍ ആ വേട്ടസംഘത്തിനായില്ല. കരുതിയിരുന്ന ജലമെല്ലാം തീര്‍ന്നു. സൂര്യന്‍ ആകാശത്ത്‌ കത്തിജ്വലിക്കുകയാണ്‌. ദാഹവും ക്ഷീണവും കൊണ്ട്‌ ചെങ്കിഷ്‌ ഖാനും കൂട്ടരും ആകെ തളര്‍ന്നിരിക്കുന്നു. തന്റെ കൂട്ടാളികളെ ഒരു മരത്തണലില്‍ വിശ്രമിക്കാന്‍ വിട്ട്‌ ആ യോദ്ധാവ്‌ ഒന്നു ചുറ്റും കണ്ണോടിച്ചു. അടുത്തെവിടെയെങ്കിലും ഒരു നീരുറവ കണ്ടെത്താനായെങ്കില്‍..! കൊടിയ വേനലില്‍ എല്ലാം വറ്റിവരണ്ടിരിക്കുന്നു. കുറച്ചകലേക്ക്‌ അദ്ദേഹം നടന്നു. അവിടെയതാ... ഒരു പാറക്കെട്ടിന്റെ വിടവിലൂടെ വെള്ളം നൂലുപോലെ ഒഴുകിവീഴുന്നു. അദ്ദേഹത്തിന്റെ നെഞ്ചില്‍ നിന്ന് ആശ്വാസത്തിന്റെ ഒരു നിശ്വാസമുയര്‍ന്നു.

താനെപ്പോഴും കൂടെക്കരുതാറുള്ള ആ വെള്ളിക്കപ്പെടുത്ത്‌ അദ്ദേഹം വെള്ളം ശേഖരിക്കാന്‍ തുടങ്ങി. ചില നിമിഷങ്ങളെടുത്തു അതൊന്നു നിറഞ്ഞു കിട്ടാന്‍. ആര്‍ത്തിയോടെ പാത്രം ചുണ്ടോടടുപ്പിച്ചു. പെട്ടെന്നാണതു സംഭവിച്ചത്‌! ചുമലില്‍ നിന്നു മാറി ഒരു കുറ്റിച്ചെടിയുടെ ചില്ലയിലിരിക്കുകയായിരുന്ന പരുന്ത്‌ ശരവേഗത്തില്‍ പറന്നെത്തി ആ പാനപാത്രം തട്ടിത്തെറിപ്പിച്ചു. “ഇതിനെന്താ ഭ്രാന്തുപിടിച്ചോ!” ചെങ്കിഷ്‌ ഖാന്‌ അരിശം വന്നു. “ഒരുപക്ഷേ അതിനും ദാഹിക്കുന്നുണ്ടാവാം” അദ്ദേഹം പണിപ്പെട്ട് സ്വയം നിയന്ത്രിച്ചു.
ദൂരേക്കുതെറിച്ചു വീണ ആ പാത്രം കയ്യിലെടുത്തു; മണ്ണും പൊടിയുമൊക്കെ പറ്റിയിരുന്നത്‌ തുടച്ചു. വീണ്ടും വെള്ളം നിറയ്ക്കാന്‍ തുടങ്ങി. ഇത്തവണ പകുതി നിറഞ്ഞേയുള്ളു. പാഞ്ഞെത്തിയ പരുന്ത്‌ വീണ്ടും ആ ജലപാത്രം തട്ടിത്തെറിപ്പിച്ചു. എന്നിട്ട്‌ ഒന്നുമറിയാത്തതുപോലെ ആ പാറക്കെട്ടിനു മുകളില്‍ പോയിരുന്നു. ആ യോദ്ധാവിനു കോപം അടക്കാനായില്ല. “അജയ്യനായ, എതിരാളികളുടെ പേടിസ്വപ്നമായ ചെങ്കിഷ്‌ ഖാന്‍ കേവലം ഒരു പക്ഷിയുടെ മുന്നില്‍ തോല്‍ക്കുകയോ? ആരെങ്കിലും അറിഞ്ഞാല്‍ ഇതുപോലെ മറ്റൊരപമാനമുണ്ടോ?”

എന്തോ തീരുമാനിച്ചുറച്ച്‌ അദ്ദേഹം ആ പാത്രം കുനിഞ്ഞെടുത്തു. നീര്‍ധാരയ്ക്കടുത്തേക്ക്‌ നടന്നു. അരയിലെ ഉറയില്‍ നിന്ന് തന്റെ വാള്‍ ഊരിയെടുത്ത്‌ വലതുകയ്യില്‍ പിടിച്ചു. ഒരു കണ്ണ് പരുന്തിന്മേലും മറുകണ്ണ് ഇറ്റിറ്റുവീഴുന്ന ജലത്തിലും ഉറപ്പിച്ച്‌ പാത്രം നിറയ്ക്കാന്‍ തുടങ്ങി. അല്‍പ്പസമയത്തിനു ശേഷം, നിറഞ്ഞപാത്രം തന്റെ ചുണ്ടിലേക്കുയര്‍ത്തി. പ്രതീക്ഷ തെറ്റിയില്ല, പരുന്ത്‌ പാഞ്ഞടുത്തു. ചെങ്കിഷ്‌ ഖാന്റെ മൂര്‍ച്ചയേറിയ വാള്‍ മിന്നല്‍ വേഗത്തില്‍ ഒന്നുയര്‍ന്നു. ആ പക്ഷിയുടെ ഹൃദയം ഭേദിച്ചുകൊണ്ട്‌ അതു കടന്നുപോയി!

ചെങ്കിഷ്‌ ഖാന്‍ ആ നീരുറവിലേക്കു നോക്കി. “നാശം അത്‌ ഒഴുകിത്തീര്‍ന്നിരിക്കുന്നു. ഇനിയെന്താ ചെയ്ക... ” ജലം തേടി ആ പാറക്കെട്ടിനു മുകളിലേക്ക്‌ നടക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മുകളിലെത്തിയപ്പോള്‍ അവിടെയതാ ഒരു ചെറിയ തെളിനീര്‍ക്കുളം! ഇതില്‍ നിന്നാണ്‌ വെള്ളം താഴേക്കൊഴുകിയിരുന്നത്‌. ഒന്നുകൂടി സൂക്ഷിച്ച്‌ നോക്കി. എന്താണത്‌! അദ്ദേഹം അല്‍ഭുതസ്തബ്ധനായിപ്പോയി. ആ കുളത്തില്‍ ചത്തുകിടക്കുന്നു; ആ പ്രദേശത്ത്‌ കാണുന്ന ഏറ്റവും വിഷമുള്ള ഒരു പാമ്പ്‌ ! “ആ വെള്ളം കുടിച്ചിരുന്നെങ്കില്‍... ഈ വിജനപ്രദേശത്തു കിടന്നു മരിക്കാനാകുമായിരുന്നു തന്റെ വിധി! ” തീവ്രമായ കുറ്റബോധത്താല്‍ ആ യോദ്ധാവിന്റെ ശിരസ്സു കുനിഞ്ഞു, കണ്ണുകള്‍ നിറഞ്ഞൊഴുകി.

തന്റെ വാള്‍മുനയിലൊടുങ്ങിയ പരുന്തിന്റെ ജഡവും കയ്യിലെടുത്ത്‌ അടക്കാനാകാത്ത ദു:ഖത്തോടെ, കുനിഞ്ഞ ശിരസ്സോടെ ചെങ്കിഷ്‌ ഖാന്‍ കൂടാരത്തിലേക്കു മടങ്ങി. ആ വേട്ടപ്പക്ഷിയുടെ സ്വര്‍ണ്ണത്തിലുള്ള ഒരു ശില്‍പ്പമുണ്ടാക്കാന്‍ അദ്ദേഹം കല്‍പ്പിച്ചു. അതിന്റെ ഒരു ചിറകില്‍ അദ്ദേഹം കൊത്തിവച്ചു...
“ഒരു കൂട്ടുകാരന്‍ നമുക്കിഷ്ടമല്ലാത്തതു ചെയ്യുമ്പോഴും അയാള്‍ നമ്മുടെ കൂട്ടുകാരന്‍ തന്നെയായിരിക്കും”
മറു ചിറകില്‍ ഇങ്ങനെ കുറിച്ചു...
“ക്രോധത്തിനധീനനായി ചെയ്യുന്ന ഏതൊരു പ്രവൃത്തിയും നമ്മെ പരാജയത്തിലേക്കു നയിക്കുന്നു.”
...............................................................................................................................

ഒന്നു ചിന്തിക്കുക, പലപ്പോഴും അടക്കാനാകാത്ത കോപത്തിനു നാമും അധീനരായിപ്പോകാറില്ലേ?
പെട്ടെന്നു നാവില്‍നിന്നുയരുന്ന പരുഷമായ ചില വാക്കുകള്‍, ചില പ്രവൃത്തികള്‍...
സിരകളില്‍ രക്തം തിളയ്ക്കുമ്പോള്‍ അറിയാതെ നഷ്ടമാക്കുന്നത്‌ ഒരുപക്ഷേ ഒരിക്കലും തിരിച്ചുപിടിക്കാനാവാത്തതാകാം... കുറ്റബോധം ജീവിതകാലം മുഴുവന്‍ നമ്മെ ക്രൂരമായി വേട്ടയാടിയേക്കാം...
വാളുയര്‍ത്തും മുമ്പ്‌ ഒരു നിമിഷം...!

13 പ്രതികരണങ്ങള്‍:

വിപിന്‍ said...

അരയിലെ ഉറയില്‍ നിന്ന് തന്റെ വാള്‍ ഊരിയെടുത്ത്‌ വലതുകയ്യില്‍ പിടിച്ചു. ഒരു കണ്ണ് പരുന്തിന്മേലും മറുകണ്ണ് ഇറ്റിറ്റുവീഴുന്ന ജലത്തിലും ഉറപ്പിച്ച്‌ പാത്രം നിറയ്ക്കാന്‍ തുടങ്ങി. അല്‍പ്പസമയത്തിനു ശേഷം, നിറഞ്ഞപാത്രം തന്റെ ചുണ്ടിലേക്കുയര്‍ത്തി. പ്രതീക്ഷ തെറ്റിയില്ല, പരുന്ത്‌ പാഞ്ഞടുത്തു....
...................................
വാളുയര്‍ത്തും മുമ്പ് ഒരു നിമിഷം...

കൃഷ്‌ണ.തൃഷ്‌ണ said...

കേട്ടിട്ടുള്ള കഥ..എങ്കിലും അതു പങ്കുവെച്ച ശുഭ്രമനസ്സിനു നന്ദി...ശുഭചിന്തകള്‍ തുടരുക..

നന്ദന said...

ഈ കഥ ഞാന്‍ മൂന്‍പ് കേട്ടിട്ടുണ്ട്.എങ്കിലും ഇപ്പോള്‍ ഒന്നു കൂടി വായിച്ചപ്പോള്‍ ഒരു പ്രത്യേക സന്തോഷം.നന്നായി വിപിന്‍

smitha adharsh said...

നല്ലൊരു ഗുണപാഠം അടങ്ങിയ കഥ..അതിമനോഹരമായി എഴുതിയിരിക്കുന്നു.
കഥ ഇഷ്ടപ്പെട്ടു.

Syam Kumar Ravindran said...

Good Story , heard before but.. when it read once more .... feel something good..

മാണിക്യം said...

ചില കഥകള്‍ വയിച്ചതും കേട്ടതും
മനസ്സില്‍ കാണും എന്നാലും
എപ്പോഴും ഓര്‍ത്തു എന്ന് വരില്ല.
വിപിന്‍ വീണ്ടും
ഓര്‍മ്മകള്‍ തേച്ചു മിനുക്കി.

“ഒരു കൂട്ടുകാരന്‍ നമുക്കിഷ്ടമല്ലാത്തതു ചെയ്യുമ്പോഴും അയാള്‍ നമ്മുടെ
കൂട്ടുകാരന്‍ തന്നെയായിരിക്കും”

“ക്രോധത്തിനധീനനായി ചെയ്യുന്ന
ഏതൊരു പ്രവൃത്തിയും നമ്മെ
പരാജയത്തിലേക്കു നയിക്കുന്നു.”


കഥ പങ്കുവച്ചതിനു നന്ദി.....

സ്നേഹതീരം said...

നല്ല പോസ്റ്റ്. ആശംസകള്‍.

Unknown said...

വാളുയർത്തും മുമ്പ് നാം ഒരിക്കൽ കൂടി ആലോചിക്കണം
നല്ല ഗുണപാഠങ്ങൾ ഇനിയും വരട്ടെ.
ആശംസകൾ

Luttu said...

വിപിന്‍ ,
നല്ല ഗുണപാoകഥ.....മനോഹരമായിതന്നെ എഴുതിയിരിക്കുന്നു.
ആശംസകള്‍

Unknown said...

vipinancle,

Thank u Uncle. The story was very good .It is one of the very good moral story. Write more stories like this for us.

Achu & Rukkumani

ബഷീർ said...

വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌. അഭിനന്ദനങ്ങള്‍

കോപത്തെ അടക്കുക എന്നത്‌ ശീലിക്കേണ്ടിയിരിക്കുന്നു ഏവരും

വിപിന്‍ said...

പ്രിയമുള്ളവരേ...
ഇതൊരു പഴയ നാടോടിക്കഥയാണ്.
പക്ഷേ, പഴയതല്ലാത്ത, പാഴല്ലാത്ത ചില ഗുണപാഠങ്ങള്‍ ഈ കഥ പങ്കുവയ്ക്കുന്നുണ്ട് എന്നതിനാലാണ് വീണ്ടും അവതരിപ്പിച്ചത്.
ഇതു വായിക്കാനെത്തിയ സുമനസ്സുകള്‍ക്ക് ഒരായിരം നന്ദി!
കൃഷ്ണ.തൃഷ്ണ - നന്ദി! ശുഭചിന്തകള്‍ തുടരും...
നന്ദന - സന്തോഷം. നന്ദി!
സ്മിതാ - സന്തോഷം :-)
Skywalker - Thanks a lot.
മാണിക്യം - വളരെ നന്ദി!
സ്നേഹതീരം - ചേച്ചീ... നന്ദി പറയുന്നില്ല.
നജീബ്, ലുട്ടു, ബഷീര്‍ - ഏറെ സന്തോഷം, നന്ദി!
അച്ചുവിനും റുക്കുമണിക്കും നല്‍കാന്‍ ഹൃദയം നിറയെ സ്നേഹം മാത്രം...

Dr.Biji Anie Thomas said...

വളരെ നന്നായിരിക്കുന്നു വിപിന്‍..എല്ലാം വായിച്ചു..ആശംസകള്‍.
പലരും എഴുതിയിരിക്കുന്നതു പോലെ ഈസത്ചിന്തകള്‍ നമുക്കൊക്കെ അറിയാമെങ്കിലും പലപ്പോഴും നാമൊക്കെ ജീവിതത്തിന്റെ പ്രാവര്‍ത്തിക വശങ്ങളിലേക്കു വരുമ്പോള്‍ സൌകര്യപൂര്‍വ്വം മറന്നുപോകുകയാണു പലതും ..
വാക്കിനും കര്‍മ്മത്തിനുമിടയിലുള്‍ല അകലം കുറയ്ക്കുവാനുള്‍ല കൃപയുണ്ടാവുകയാണു വേണ്ടത് എന്നു തോന്നുന്നു..
വാക്കേ, ഉത്ഥാനം ചെയ്‌വാന്‍,പലരേയും ഉയര്‍ത്താന്‍ കഴിവുള്ള വചനമായ് ഞങ്ങളില്‍ രൂപാന്തരപ്പെടുക.